പെട്രോൾ വില കൂട്ടിയാൽ തെരുവിൽ വൻ ജനരോഷവും പ്രക്ഷോഭവും അണപൊട്ടിയേക്കാമെന്ന ഭീതിയിലാണ് ഇറാൻ ഭരണകൂടം. ആഗോളതലത്തിൽ ഏറ്റവും വിലക്കുറവിൽ ജനങ്ങൾക്ക് ഇന്ധനം നൽകുന്ന രാജ്യങ്ങളിലൊന്നായ ഇറാനിൽ മുൻപും ഇന്ധനവില വർധിപ്പിച്ചപ്പോൾ വൻ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.
നിലവിലെ കടുത്ത യുദ്ധoസാമ്പത്തിക പ്രതിസന്ധിക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തുകയോ സൗജന്യ ക്വോട്ട വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത് സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന് കൂടുതൽ ആക്കം കൂട്ടുമെന്ന് അധികൃതർ ഭയക്കുന്നു.
അതേസമയം, ആഭ്യന്തര ഉത്പാദനത്തിലെ വൻ ഇടിവും യുഎസ് കപ്പൽ ഉപരോധം മൂലമുള്ള ഇറക്കുമതി തടസ്സവും കാരണം തന്ത്രപ്രധാനമായ പെട്രോളിയം സംരക്ഷിത ശേഖരം (Strategic fuel reserves) പോലും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി തീർന്നുപോകാമെന്ന കടുത്ത മുന്നറിയിപ്പാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധർ നൽകുന്നത്.
അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ രാജ്യം കാണാത്ത വിധമുള്ള കടുത്ത ഊർജ്ജ-സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് ഇറാൻ കൂപ്പുകുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

