കൊച്ചി: കേരള പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ അന്വേഷണ സംഘം കേസ് ഫയലുകൾ അടയ്ക്കാനൊരുങ്ങവെ, കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടെന്ന നിർണായക വിവരങ്ങളുമായി സൈബർ വിദഗ്ദ്ധൻ.
സുകുമാരക്കുറുപ്പുമായി അസാധാരണ രൂപസാദൃശ്യമുള്ള മലയാളി വയോധികൻ ബ്രൂണൈയിലെ സിങ് പാങ് എന്ന സ്ഥലത്ത് താമസിക്കുന്നതായാണ് അവകാശവാദം. കുറുപ്പിന്റെ വിദേശത്തുള്ള ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിരന്തരം കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവന്നത്.
ബ്രൂണൈയിൽ ഒരു ചൈനീസ് സ്വദേശിയുമായി ചേർന്ന് നിർമ്മാണ ബിസിനസ് നടത്തുന്ന ഇയാൾ, മലയാളി സമൂഹത്തിൽ നിന്നും ഇന്ത്യക്കാരിൽ നിന്നും പൂർണ്ണമായും അകലം പാലിച്ചാണ് ഒളിവിൽ കഴിയുന്നത്.
നിലവിൽ നിയമവിരുദ്ധമായി അവിടെ തുടരുന്ന ഇയാളുടെ ചിത്രങ്ങളും താമസസ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ വയോധികൻ സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ഡിഎൻഎ അടക്കമുള്ള പരിശോധനകളും ഇന്റർപോളിന്റെ ഔദ്യോഗിക ഇടപെടലുകളും അനിവാര്യമാണ്. വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഉടൻ തന്നെ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം

