വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചു.
യു.എസ് ജനപ്രതിനിധി സഭയും സെനറ്റും പാസാക്കിയ ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്ട് 2026’ (Lindsey O. Graham Sanctioning Russia and Iran Act of 2026) ആണ് ഒപ്പുവെച്ച് നിയമമാക്കിയത്. നിയമം പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനകം റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം വാങ്ങുന്ന അഞ്ച് മുൻനിര രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ പുതിയ നിയമപ്രകാരം ട്രംപിന് വിവേചനാധികാരം ഉണ്ടാകും.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയും ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ സമ്മർദത്തിലാക്കുകയുമാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും ഇതോടെ കടുത്ത താരിഫ് ഭീഷണി നേരിടുകയാണ്. എന്നാൽ, ബില്ലിൽ പ്രത്യേക രാജ്യങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞിട്ടില്ലാത്തതിനാൽ, ആരോക്കെതിരെ എത്ര ശതമാനം താരിഫ് ചുമത്തണം എന്നതിൽ അമേരിക്കൻ ഭരണകൂടത്തിന് തീരുമാനമെടുക്കാം2026 ജൂലൈയിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് എണ്ണ ഇറക്കുമതിയുടെ 52 ശതമാനത്തോളവും റഷ്യയിൽ നിന്നായിരുന്നു.
യുക്രൈൻ യുദ്ധത്തിനു മുമ്പ് നാമമാത്രമായിരുന്ന റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോഡാണിത്. മേഖലയിൽ ഇറാൻ സംഘർഷവും, ഹൂതികളുടെ ആക്രമണം കാരണം ബാബ് അൽ മാണ്ടെബ് വഴിയുള്ള ചരക്കുനീക്കവും തടസ്സപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യൻ ഇന്ധനത്തെ കൂടുതലായി ആശ്രയിക്കുകയായിരുന്നു.
അതേസമയം, 140 കോടി വരുന്ന ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത് രാജ്യതാൽപ്പര്യം മുൻനിർത്തിയാണെന്നും ഊർജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കൻ നടപടിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വ്യവസായ രംഗവുമായി ചേർന്ന് ആവശ്യമായ എല്ലാ തുടർനടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു.

