കല്പറ്റ: വിദേശ നിർമ്മിത മദ്യമടക്കം പിടിച്ചെടുത്ത അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ 24 മണിക്കൂർ നേരത്തേക്ക് എക്സൈസിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.

പിടിച്ചെടുത്ത വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രതിയെ നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ എക്സൈസിന്റെ അറസ്റ്റ് നടപടികളിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും റെയ്ഡ് നടക്കുന്ന സമയത്ത് ആന്റോ അഗസ്റ്റിൻ സംഭവസ്ഥലത്തുണ്ടായിരുന്നില്ല, എറണാകുളത്തായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി 24 മണിക്കൂർ കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *