ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിലേക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്രതീക്ഷയോടെയാണ് പ്രവേശിക്കുന്നത്. മൂന്ന് ഐപിഎൽ ഫൈനലുകൾ കളിച്ചിട്ടും കിരീടം നേടാൻ കഴിയാത്ത കോഹ്‌ലിയും സംഘവും ഇത്തവണയെങ്കിലും കിരീട ദാഹത്തിന് അറുതിവരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
എന്നാൽ ഈ പ്രതീക്ഷകളെ ഞെട്ടിച്ചുകൊണ്ടാണ് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും മുൻ ഐപിഎൽ ജേതാവുമായ ആദം ഗിൽക്രിസ്റ്റ് പ്രവചിക്കുന്നത്. ആർസിബി ഐപിഎൽ 2025 ൽ അവസാന സ്ഥാനത്തെത്തുമെന്നാണ് ഗിൽക്രിസ്റ്റ് പറയുന്നത്.
‘ആർസിബി അവസാന സ്ഥാനത്തെത്താൻ ന്യായമായ ഒരു സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നുആർസിബി ടീമിൽ കൂടുതൽ ഇംഗ്ലീഷുകാരാണ്, ഐപിഎല്ലിൽ ഇവർ ക്ലച്ച് പിടിക്കാനുള്ള സാധ്യത ഞാൻ കാണുന്നില്ല, ഗിൽക്രിസ്റ്റ് പറഞ്ഞു.വിരാടിനെതിരെയോ അവരുടെ ആരാധകർക്കെതിരെയോ അല്ല താൻ പറയുന്നതെന്നും റിക്രൂട്ടിംഗ് പ്രോസസിൽ കാര്യമായ പിഴവുകൾ വന്നിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2009 ലെ ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ഗിൽക്രിസ്റ്റ്, ഐപിഎൽ ഫൈനലിൽ ആർസിബിയെ പരാജയപ്പെടുത്തിയ ആദ്യ ക്യാപ്റ്റനായിരുന്നു.
2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ ആർസിബി ഇംഗ്ലീഷ് കളിക്കാരിൽ വലിയ തുക നിക്ഷേപിച്ചിരുന്നു ആർസിബിയുടെ ടീമിൽ മൂന്ന് ഇംഗ്ലീഷ് താരങ്ങളുണ്ട്, എല്ലാവർക്കും പ്ലെയിംഗ് ഇലവനിൽ ഇടം നേടാനുള്ള സാധ്യതയുണ്ട്.
ഐപിഎൽ 2024 ൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) വേണ്ടി കളിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫിൽ സാൾട്ടിനാണ് ഏറ്റവും കൂടുതൽ തുക മുടക്കിയത്. 11.5 കോടി രൂപയ്ക്ക് ആർസിബി സാൾട്ടിനെ വാങ്ങി. മെഗാ ലേലത്തിൽ ലിയാം ലിവിംഗ്‌സ്റ്റണിനെ 8.75 കോടി രൂപയ്ക്കും ജേക്കബ് ബെഥേലിനെ 2.6 കോടി രൂപയ്ക്കും വാങ്ങി.
അതേസമയം, 2025 ലെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) അവസാന സ്ഥാനക്കാരാകുമെന്ന് മൈക്കൽ വോൺ പ്രവചിച്ചു. ഉയർന്ന നിലവാരമുള്ള നിരവധി ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ അഭാവം അവരുടെ സാധ്യതകളെ ബാധിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മാർച്ച് 22 ശനിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആർസിബി സീസൺ ആരംഭിക്കുന്നത്. മാർച്ച് 24 ന്ലഖ്‌നൗ സൂപ്പർ ജയൻറ്സ് ആണ് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളികൾ.