വാഷിങ്ടണിൽ വൈറ്റ്ഹൗസ് പ്രതിനിധികൾക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ വെടിയൊച്ച കേട്ടതിനെത്തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വേദിയിൽനിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ട്രംപിനൊപ്പം പ്രഥമവനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരെയും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.അപ്രതീക്ഷിതമായി എട്ടോളം തവണ വെടിയൊച്ച കേട്ടതോടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെ വളയുകയും വേദിയിൽ നിന്ന് അടിയന്തരമായി മാറ്റുകയും ചെയ്തു.
പ്രമുഖരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്ത വിരുന്നിൽ വലിയ പരിഭ്രാന്തിയാണുണ്ടായത്. നിലവിൽ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്.സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.
സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു. വെടിവെപ്പിന് പിന്നിലെ ലക്ഷ്യമോ അക്രമിയെയോ കുറിച്ച് നിലവിൽ സൂചനകളില്ല. എഫ്.ബി.ഐയും സീക്രട്ട് സർവീസും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
