ഐപിഎല്ലിൽ 15-കാരനായ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി പേസർ കൈൽ ജാമിസൺ നടത്തിയ പെരുമാറ്റം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. രാജസ്ഥാൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ വൈഭവിനെ ക്ലീൻ ബൗൾഡാക്കിയ ജാമിസൺ, കൗമാരതാരത്തെ തുറിച്ചുനോക്കിയും പരിഹസിച്ചുമാണ് യാത്രയാക്കിയത്.
31 വയസ്സുള്ള ഒരു മുതിർന്ന താരം വെറും 15 വയസ്സുകാരനായ കുട്ടിയോട് ഇത്രയും പ്രകോപിതനാകേണ്ട കാര്യമെന്താണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.വൈഭവ് വെറുമൊരു കുട്ടിയാണെന്നും അവനോട് ജാമിസൺ കാണിച്ചത് അതിരുകടന്ന പെരുമാറ്റമാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്.
മുൻ ഇന്ത്യൻ താരം പ്രിയങ്ക് പാഞ്ചാലും ഇതിനെതിരെ രംഗത്തെത്തി. 31-കാരനായ ജാമിസൺ 15-കാരനോട് ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
എങ്കിലും, ജാമിസന്റെ ഈ രൂക്ഷപ്രതികരണം ആ കൊച്ചുതാരം എതിരാളികളിൽ എത്രത്തോളം ഭയം ജനിപ്പിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകൂടിയാണെന്ന് പാഞ്ചാൽ കൂട്ടിച്ചേർത്തു.
