ഡല്‍ഹിയിലെ തിരക്കിട്ട ചര്‍ച്ചകളില്‍ ശേഷം കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. പതിനാറാം നിയമസഭയില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും, വി ഡി സതീശനും മുഖ്യമന്ത്രി സ്ഥാനം ടേം വ്യവസ്ഥയില്‍ പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ടേമില്‍ രമേശ് ചെന്നിത്തലയാകും സര്‍ക്കാരിനെ നയിക്കുക. വി ഡി സതീശന്‍ ആഭ്യന്തര മന്ത്രിയാകും.

രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി- ആഭ്യന്തര മന്ത്രി സ്ഥാനങ്ങള്‍ വച്ചുമാറാനുമാണ് ധാരണയെന്നാണ് റിപ്പോര്‍ട്ടുകള്‍മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നിരിക്കെ സോണിയ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇന്നു സോണിയ ഗാന്ധിയുമായി കേരളത്തിലെ വിഷയം ചര്‍ച്ച നടത്തും. ഘടകകക്ഷികളുമായും മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ വി.ഡി.സതീശന്‍, സണ്ണി ജോസഫ്, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി പദവി സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നുപേരെയും അറിയിച്ചത്.ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കു ശേഷം വി.ഡി.സതീശന്‍ ഇന്നലെ രാത്രി തന്നെ കേരളത്തിലേക്ക് മടങ്ങിയിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 1.15ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ വിഡി സതീശനെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു വി ഡി സതീശനെ കാത്ത് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് വിഡി സതീശന്‍ മടങ്ങിയത്.

ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല ഇന്ന് കേരളത്തിലേക്ക് മടങ്ങും. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *