അഹമ്മദാബാദ് വിമാനദുരന്തത്തിൽ തന്റെ അമ്മായിയെയും സഹോദരനെയും മൂന്ന് വയസുള്ള അനന്തരവളെയും നഷ്ടപ്പെട്ട റോമിൻ വൊഹ്‌റ, മോർച്ചറിയിലെ ദാരുണമായ കാഴ്ചകൾ വെളിപ്പെടുത്തി രംഗത്ത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അതിക്രൂരമായ ദൃശ്യങ്ങളാണ് തനിക്ക് അവിടെ കാണേണ്ടി വന്നതെന്ന് റോമിൻ ‘ഡെയിലി മെയിലിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാണ് റോമിൻ മോർച്ചറിയിലെത്തിയത്.

മുൻപ് കോവിഡ് കാലത്ത് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പാത്തോളജി ലാബ് അസിസ്റ്റന്റായി ജോലി ചെയ്ത പരിചയമുള്ളതിനാലാണ് അദ്ദേഹത്തിന് മോർച്ചറിക്കുള്ളിലേക്ക് പ്രവേശനം ലഭിച്ചത്.തറയിൽ ചിതറിക്കിടന്ന മൃതദേഹങ്ങളും സ്വന്തം കുഞ്ഞിനെ ചേർത്തുപിടിച്ചു മരിച്ച അമ്മയുടെ ദൃശ്യവും മോർച്ചറിയിൽ തന്നെ തളർത്തിയെന്ന് റോമിൻ പറയുന്നു.

മരിച്ച അനന്തരവളെ തിരിച്ചറിയാൻ ഒരു കൊച്ചുപെൺകുട്ടിയുടെ തലയോട് പരിശോധിക്കേണ്ടി വന്നത് ഒരിക്കലും മറക്കാനാവില്ല. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ AI-171 വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മുൻഭാഗം പോറലുകളില്ലാതെ, യൂണിഫോമോടെ സ്റ്റിയറിങ് കോളത്തിൽ ഇറുക്കിപ്പിടിച്ച രീതിയിലായിരുന്നു കാണപ്പെട്ടതെന്നും റോമിൻ വെളിപ്പെടുത്തി.

അപകടം ഒഴിവാക്കാൻ ക്യാപ്റ്റൻ അവസാന നിമിഷം വരെ ശ്രമിച്ചുവെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തൽ. പറന്നുയർന്ന് സെക്കന്റുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം വിച്ഛേദിക്കപ്പെട്ടിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. “

എന്തിനാണ് ഇന്ധന വിതരണം തടഞ്ഞത്” എന്ന്പൈലറ്റുമാർ പരസ്പരം ചോദിക്കുന്ന ഓഡിയോ പുറത്തുവന്നതോടെ, കോക്ക്പിറ്റിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിനെച്ചൊല്ലി പല ദുരൂഹതകളും പ്രചരിക്കുന്നുണ്ട്.എന്നാൽ, പൈലറ്റുമാരുടെ സംഘടനകളും സബർവാളിന്റെ കുടുംബവും ഈ ദുരൂഹതകളെ തള്ളിപ്പറഞ്ഞു.

മറുപടി നൽകാൻ പൈലറ്റുമാർ ജീവനോടെയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം, അവസാന റിപ്പോർട്ട് വരുന്നത് വരെ ആരും നിഗമനങ്ങളിൽ എത്തരുതെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് അടുത്ത മാസം പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *