തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് കുട്ടികളെ ഉപയോഗിച്ച് വോട്ട് നേടിയെന്ന ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയിൽ രസകരമായ പരാമർശവുമായി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ ഇറങ്ങിയപ്പോൾ, വിജയ് മാമയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്റെ പേരക്കുട്ടി കുടുംബ ഡോക്ടറോട് ആവശ്യപ്പെട്ടതായി ജഡ്ജി വെളിപ്പെടുത്തി.
കുട്ടികളോടുള്ള വിജയ്യുടെ അഭ്യർത്ഥന നിയമപരമായി പരിശോധിക്കാവുന്നതാണെന്ന് വ്യക്തമാക്കിയ അവധിക്കാല ബഞ്ച് കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി.
അതേസമയം, കുട്ടികൾ മാതാപിതാക്കളെ ഉപദേശിക്കുന്നത് ഭാരതീയ പാരമ്പര്യമാണെന്ന് ടിവികെയ്ക്ക് വേണ്ടി ഹാജരായ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ മറുപടി നൽകി.
ഓം മന്ത്രത്തിന്റെ അർത്ഥം പഠിക്കാൻ ശിവൻ മകനായ മുരുകനെ ശിഷ്യനായി സ്വീകരിച്ച പുരാണ പശ്ചാത്തലം ഓർമ്മിപ്പിച്ചുകൊണ്ട്, ജഡ്ജിയുടെ പേരിൽ തന്നെ (സ്വാമിനാഥൻ) ഈ പാരമ്പര്യമുണ്ടല്ലോ എന്നും ടിവികെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
