ഇറാൻ ഒരിക്കലും ആണവായുധങ്ങൾ കൈവശം വെക്കാൻ അനുവദിക്കില്ലെന്ന യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നിലപാട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വീണ്ടും ആവർത്തിച്ചു.
ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നത് യുഎസിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗ് പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധത്തിന് മടിയില്ല; സജ്ജമെന്ന് യുഎസ്
ഇറാനുമായി നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഹെഗ്സെതിന്റെ നിർണായക പ്രതികരണം.
കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ഇറാന് മേൽ വീണ്ടും സൈനിക ആക്രമണം ശക്തമാക്കാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആവശ്യമായ ആയുധശേഖരവും സൈനിക ശേഷിയും യുഎസിനുണ്ടെന്നും ഹെഗ്സെത് കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കും യുഎസിന്റെ കടുത്തനിബന്ധനകളും
ആണവായുധ നിർമ്മാണത്തിനായുള്ള ഉയർന്ന തോതിലുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പൂർണ്ണമായും ഉപേക്ഷിക്കണമെന്നാണ് യുഎസിന്റെ പ്രധാന Red Line (ലക്ഷ്മണരേഖ). കൂടാതെ ആഗോള ഊർജ്ജ വിപണിയെ ബാധിച്ച ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പൂർണ്ണമായും സ്വതന്ത്രമാക്കണമെന്നും യുഎസ് ആവശ്യപ്പെടുന്നു. ഈ നിബന്ധനകൾ അംഗീകരിക്കുന്ന ഒരു ‘പെർഫെക്റ്റ്’ കരാറിന് മാത്രമേ പ്രസിഡന്റ് ട്രംപ് അംഗീകാരം നൽകുകയുള്ളൂവെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
