ടെഹ്‌റാൻ: അന്തരിച്ച മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഖബറടക്കവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ ഔദ്യോഗിക വിലാപയാത്രയ്ക്ക് ഇറാൻ ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ അദ്ദേഹം വധിക്കപ്പെട്ട് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഔദ്യോഗിക ചടങ്ങുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
തലസ്ഥാനമായ ടെഹ്‌റാൻ, ഖോം, മഷ്ഹദ് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും മൂന്ന് ദിവസത്തെ വിലാപയാത്ര നടക്കുകയെന്നും അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലായിരിക്കും ഖബറടക്കമെന്നുമാണ് സൂചനകൾ.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനസഞ്ചയത്തിന് സാക്ഷ്യം വഹിക്കുമെന്ന് കരുതപ്പെടുന്ന ഈ ചടങ്ങുകളിൽ ഒന്നര മുതൽ രണ്ട് കോടി വരെ ആളുകൾ പങ്കെടുത്തേക്കുമെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഷിയാ വിഭാഗത്തിന്റെ ആചാരപ്രധാനമായ മുഹറം മാസത്തോടനുബന്ധിച്ച് ഈ മാസം പകുതിയോടെ ചടങ്ങുകൾ നടക്കാനാണ് സാധ്യത.
ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ട നേതാക്കളുടെ ഖബറിടങ്ങൾക്കു നേരെ പോലും സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ, ഖബറടക്കത്തിന്റെ തീയതിയും സ്ഥലവും അതീവ സുരക്ഷാ പ്രാധാന്യത്തോടെയാണ് അധികൃതർ കൈകാര്യം ചെയ്യുന്നത്. അതേസമയം, അമേരിക്കയുമായുള്ള സമാധാന ചർച്ചകളിലെ പുരോഗതി വിലയിരുത്തിയ ശേഷമേ വിലാപയാത്രയുടെ തീയതി സംബന്ധിച്ച അന്തിമ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
