നവകേരള സദസ്സിനിടെ ആലപ്പുഴയിൽവെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട്. കേസ് ഡയറി തിരുത്തിയും കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ നശിപ്പിച്ചും പ്രതികളെ രക്ഷിക്കാൻ മുൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാർ കല്ലെറിഞ്ഞെന്ന പ്രതികളുടെ വാദം തള്ളിയ എസ്ഐടി, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം 11 സെക്കൻഡോളം വിഐപി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് ഗൺമാൻമാർ ക്രൂരമർദനം അഴിച്ചുവിട്ടതെന്ന് കണ്ടെത്തി.
ജീവന് തന്നെ ഭീഷണിയായേക്കാവുന്ന രീതിയിൽ ചട്ടവിരുദ്ധമായാണ് മർദനം നടന്നതെന്നും, പ്രതികൾക്ക് ജാമ്യം നൽകിയാൽ നീതിനിർവഹണം തടസ്സപ്പെടുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്
