കൊച്ചി: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്ന പരാതിയിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ (AFA) സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ (CAS) സമീപിച്ചു. മുൻകൂറായി നൽകിയ തുകയും പലിശയും നഷ്ടപരിഹാരവും അടക്കം 500 കോടിയോളം രൂപ തിരിച്ചുകിട്ടണമെന്നാണ് ഹർജിയിലെ ആവശ്യം.
സംസ്ഥാന സർക്കാരിനു വേണ്ടിയാണ് സ്പോൺസർമാർ എ.എഫ്.എയുമായി കരാറിലേർപ്പെട്ടത്. ടീമിനെ കേരളത്തിലെത്തിക്കാൻ എ.എഫ്.എ ആവശ്യപ്പെട്ട 330 കോടി രൂപ രണ്ട് ഗഡുക്കളായി (140 കോടിയും 190 കോടിയും) നൽകിയതായി സ്പോൺസർമാർ അവകാശപ്പെടുന്നു.
കഴിഞ്ഞ നവംബറിൽ നിശ്ചയിച്ചിരുന്ന മത്സരം കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണം ചൂണ്ടിക്കാട്ടി ഈ വർഷം മാർച്ചിലേക്ക് മാറ്റിയിരുന്നുവെങ്കിലും ടീം എത്തിയില്ല. തുടർന്ന് പണം കൈപ്പറ്റിയ ശേഷം വഞ്ചിക്കുകയായിരുന്നു എന്ന് ആരോപിച്ച് അന്താരാഷ്ട്ര അഭിഭാഷകർ മുഖേനയാണ് കമ്പനി നിയമനടപടി ആരംഭിച്ചിരിക്കുന്നത്.

