കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച്, പ്രസവശേഷം നവജാതശിശുക്കളെ വിൽപന നടത്തുന്ന വൻ മാഫിയാ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പൊലീസ്. കോട്ടയം തീക്കോയി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിലെ രണ്ടുപേരെ ഈരാറ്റുപേട്ട പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്
പരാതിക്ക് പിന്നിൽ: അസം സ്വദേശിനിയായ 22-കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം ഊർജിതമായത്. ചാരിറ്റബിൾ ട്രസ്റ്റ് എന്ന വ്യാജേന സമൂഹമാധ്യമങ്ങൾ വഴി ഗർഭിണികളെ ആകർഷിച്ച് കേരളത്തിലെത്തിക്കുകയും, പ്രസവശേഷം കുഞ്ഞിനെ തന്നാൽ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു ഇവരുടെ രീതി.
മർദനവും തടങ്കലും: കുഞ്ഞിനെ നൽകാൻ വിസമ്മതിച്ച യുവതിയെ തടഞ്ഞുവെച്ച് മർദിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ അഭയം പ്രാപിക്കുകയായിരുന്നു
വ്യാപ്തി വലുത്: ആളൊഴിഞ്ഞ കെട്ടിടത്തിൽ മറ്റ് രണ്ട് ഗർഭിണികൾ കൂടി താമസിപ്പിച്ചിരുന്നതായി വിവരമുണ്ട്. ഇതിനുമുമ്പും ഇത്തരത്തിൽ കുട്ടികളെ വിറ്റിട്ടുണ്ടോയെന്നും, അന്തർസംസ്ഥാന ബന്ധങ്ങളുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

