ന്യൂഡൽഹി: നീറ്റ് (യു.ജി.) പരീക്ഷ പേനയും കടലാസും ഒഴിവാക്കി ജെ.ഇ.ഇ. മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിതമായി (CBT) രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലാണെന്ന കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) അടിയന്തര പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
പരീക്ഷാരീതി മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വിദ്യാർഥികളുടെ തയ്യാറെടുപ്പ് കണക്കിലെടുത്ത് തീരുമാനങ്ങൾ എത്രയും വേഗം അറിയിക്കണമെന്ന് ഹർജിക്കാരായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കുന്നതിന് മുൻപായി മറുപടി സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്

