ചെന്നൈ: പ്രമുഖ തമിഴ് നടൻ രവി മോഹനും (ജയം രവി) ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ചിരുന്ന് പുകവലിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കവേ, രവിക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻഭാര്യ ആരതി രവി. സൂര്യ, അജിത്ത്, വിക്രം, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളേക്കാൾ മികച്ച അഭിനയമാണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നയാൾ കാഴ്ചവെച്ചതെന്നും അയാൾക്ക് ഓസ്കർ അവാർഡ് തന്നെ നൽകണമെന്നുമായിരുന്നു ആരതി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചത്.
തനിക്ക് സഹതാപം നേടിയെടുക്കാനായി മുൻപ് രവി നടത്തിയ വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തലുകൾ നാടകമായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ആരതിയുടെ ഈ പരോക്ഷവിമർശനം. പ്രചരിച്ച വീഡിയോയ്ക്കെതിരെയും താരത്തിന്റെ പെരുമാറ്റത്തിനെതിരെയും പ്രേക്ഷകരിൽനിന്ന് കടുത്ത അമർഷം ഉയരുന്നതിനിടെയാണ്, ചെന്നൈ കുടുംബകോടതിയിൽ നിലവിലുള്ള വിവാഹമോചന കേസിന്റെ പശ്ചാത്തലത്തിൽ ആരതിയുടെ പ്രകോപനപരമായ പ്രതികരണം പുറത്തുവന്നത്.

