ഇന്ത്യയിലെ സെമികണ്ടക്ടർ ഉത്പാദനം ഈ വർഷം തന്നെ (2026) വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2022-ൽ ആരംഭിച്ച ‘ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ’ ലക്ഷ്യപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ ഉത്പാദനം തുടങ്ങാനാണ് സർക്കാർ പദ്ധതിയിട്ടിരുന്നത്.
നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാനാകുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഇന്ത്യയിൽ 2026-ഓടെ സെമികണ്ടക്ടറുകളുടെ വാണിജ്യ ഉത്പാദനം ആരംഭിക്കുമെന്നും ഈ വർഷം നാല് പ്ലാന്റുകൾ പ്രവർത്തനസജ്ജമാകുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
2025-ൽ തന്നെ മൂന്ന് പ്ലാന്റുകളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള (Pilot) ഉത്പാദനം ആരംഭിച്ചിരുന്നു. ആഗോള നിർമ്മാതാക്കളുടെ വരവോടെ രാജ്യത്ത് ശക്തമായ ഒരു സെമികണ്ടക്ടർ ഇക്കോസിസ്റ്റം അതിവേഗം രൂപപ്പെടുകയാണെന്നും ആദ്യഘട്ട ലക്ഷ്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ 10 വർഷത്തിനുള്ളിൽ 85,000 സെമികണ്ടക്ടർ വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. വെറും നാല് വർഷത്തിനുള്ളിൽ തന്നെ 65,000 പ്രൊഫഷണലുകൾക്ക് പരിശീലനം നൽകാൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മേഖലയിലെ തൊഴിൽശക്തി വികസനം സെമികണ്ടക്ടർ മിഷന്റെ വിജയത്തിന് വലിയ കരുത്തേകുന്നു. ഇന്ത്യയുടെ സെമികണ്ടക്ടർ മുന്നേറ്റം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും വ്യവസായ മേഖലയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും നെതർലൻഡ്‌സ് സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
നിലവിൽ ഏകദേശം 90 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം രാജ്യത്തെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘എഐ ഇംപാക്ട് ഉച്ചകോടി’യോടെ (ഫെബ്രുവരി 16-20, 2026) ആകെ നിക്ഷേപം 150 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
