ഐപിഎൽ പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഓപ്പണിങ് ജോഡികളിൽ മാറ്റമുണ്ടാകുമെന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് വെളിപ്പെടുത്തി. പുതിയ സീസണിൽ ഋതുരാജും സഞ്ജു സാംസണും ചേർന്നാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക.

കഴിഞ്ഞ സീസണിൽ ഓപ്പണറായി തിളങ്ങിയ യുവതാരം ആയുഷ് മാത്രെ മൂന്നാം നമ്പരിലേക്കും, ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് നാലാം നമ്പരിലേക്കും മാറും. ഐപിഎൽ ക്യാപ്റ്റന്മാരുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് ഗെയ്‌ക്‌വാദ് ഈ തന്ത്രപരമായ മാറ്റം അറിയിച്ചത്.

സഞ്ജു സാംസണിന്റെ വരവോടെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബാറ്റിങ് നിരയിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതെളിയുന്നത്. 18 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ സഞ്ജു, ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ഓപ്പണിങ് റോളിലേക്ക് എത്തുന്നത്. ഇതോടെ അണ്ടർ 19 താരം ആയുഷ് മാത്രെ സഞ്ജുവിനായി ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞുകൊടുക്കും.

സഞ്ജുവും ഋതുരാജും ചേരുന്നതോടെ പവർപ്ലേയിൽ വമ്പൻ സ്കോറാണ് ചെന്നൈ ലക്ഷ്യമിടുന്നത്. സഞ്ജു ഓപ്പണറാകണമെന്ന ആർ. അശ്വിൻ്റെ നിർദ്ദേശവും ഇതിന് കരുത്തേകുന്നു. എം.എസ്. ധോണി എല്ലാ മത്സരങ്ങളിലും കളിക്കാനിടയില്ലാത്തതിനാൽ, അദ്ദേഹം ഇംപാക്ട് പ്ലെയറായി ഇറങ്ങുന്ന സമയത്ത് സഞ്ജു സാംസൺ വിക്കറ്റ് കീപ്പറുടെ ചുമതല കൂടി വഹിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *