രാജസ്ഥാൻ റോയൽസിനെ 57 റൺസിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. അരങ്ങേറ്റക്കാരായ പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും എട്ട് വിക്കറ്റുകൾ പങ്കിട്ട് തകർപ്പൻ പ്രകടനം കാഴ്ചവെച്ചതാണ് ഹൈദരാബാദിന് വമ്പൻ ജയം സമ്മാനിച്ചത്.
ഹൈദരാബാദിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഇഷാൻ കിഷന്റെ (91) വെടിക്കെട്ട് ഇന്നിങ്സ് കരുത്തിൽ 216 റൺസെടുത്തു. ഓപ്പണർമാർ നേരത്തെ പുറത്തായെങ്കിലും കിഷനും ക്ലാസനും (40) ചേർന്നാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.
217 റൺസ് ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാൻ 9 റൺസിനിടെ 5 വിക്കറ്റ് നഷ്ടമായി തകർന്നു. അരങ്ങേറ്റക്കാരൻ പ്രഫുൽ ഹിംഗെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാനെ ഞെട്ടിച്ചു.
സാക്കിബ് ഹുസൈൻ ജയ്സ്വാളിനെയും പുറത്താക്കിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി.ഡോനോവൻ ഫെറേരയും (69) ജഡേജയും (45) ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും രാജസ്ഥാനെ രക്ഷിക്കാനായില്ല. ഇരുവരും പുറത്തായതോടെ 159 റൺസിന് രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു. സൺറൈസേഴ്സിന് 57 റൺസ് ജയം.
