ഐപിഎലിലെ മിന്നും പ്രകടനത്തിന് പിന്നാലെ വണ്ടർ ബോയ് വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നു. അയർലൻഡ് പര്യടനത്തിനുള്ള 35 അംഗ ട്വന്റി20 സ്പെഷലിസ്റ്റ് പട്ടികയിൽ വൈഭവിനെ ഉൾപ്പെടുത്തിയതായാണ് സൂചന. ലോകകപ്പ് ജേതാക്കളായ മുൻനിര ടീമിനെയാണോ അതോ യുവനിരയെയാണോ അയർലൻഡിലേക്ക് അയക്കുക എന്ന കാര്യത്തിൽ ബിസിസിഐ ഉടൻ വ്യക്തത വരുത്തും.
ഇന്ത്യയുടെ പ്രധാന ടീമിനെയാണ് അയർലൻഡിലേക്ക് അയക്കുന്നതെങ്കിൽ വൈഭവിനെ ഉൾപ്പെടുത്തുന്നത് സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർക്ക് വെല്ലുവിളിയാകും. ലോകകപ്പ് ഫൈനലിൽ തിളങ്ങിയ ഈ ഓപ്പണർമാരെ മാറ്റിനിർത്തി വൈഭവിനെ ടീമിലെടുക്കുക എന്നത് സെലക്ടർമാർക്ക് കടുത്ത തീരുമാനമാകും.
ടീം കോംബിനേഷനിലെ ഈ അനിശ്ചിതത്വം നിലവിൽ സഞ്ജുവിനും അഭിഷേകിനും വലിയ ആശങ്കയാണ് നൽകുന്നത്.വൈഭവ് സൂര്യവംശിയെയും യശസ്വി ജയ്‌സ്വാളിനെയും ടീമിലെടുക്കാൻ നീക്കം നടക്കുമ്പോൾ ആരെ ഒഴിവാക്കുമെന്നത് ബിസിസിഐക്ക് തലവേദനയാകുന്നു.
ഫോമിലല്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിൽ തുടരുമ്പോൾ, മികച്ച ഫോമിലുള്ള സഞ്ജുവിനെയോ അഭിഷേകിനെയോ പുറത്താക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. ലോകകപ്പിന് ശേഷം സൂര്യയുടെ ശരാശരി 20-ൽ താഴെയാണെന്നിരിക്കെ, യുവതാരങ്ങളെ മാറ്റാൻ സെലക്ടർമാർക്ക് കൃത്യമായ മറുപടി നൽകേണ്ടി വരും.
