ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.
ലഖ്‌നൗ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം 29 പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർ.സി.ബി മറികടക്കുകയായിരുന്നു.ആർ.സി.ബിക്കായി നാല് വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാമും മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ലഖ്‌നൗവിനെ തകർത്തു. രണ്ട് വിക്കറ്റുമായി തിളങ്ങിയ ക്രുണാൽ പാണ്ഡ്യ ഇതോടെ ഐ.പി.എല്ലിൽ നിർണായകമായ ഒരു നാഴികക്കല്ലും പിന്നിട്ടു.
ഐ.പി.എല്ലിൽ 100 വിക്കറ്റുകൾ തികച്ച ക്രുണാൽ പാണ്ഡ്യ, 1000+ റൺസും 100 വിക്കറ്റും നേടുന്ന ആറാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 137 ഇന്നിങ്‌സുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. നിലവിൽ 119 ഇന്നിങ്‌സുകളിൽ നിന്നായി 1757 റൺസാണ് ക്രുണാലിന്റെ സമ്പാദ്യം.
