തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ രാഷ്ട്രീയ പാതയിലേക്ക് നീങ്ങാൻ പി.വി. അൻവർ തീരുമാനിച്ചു. യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പുതിയ പാർട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. കളമശ്ശേരിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തൃണമൂൽ ബന്ധം അവസാനിപ്പിക്കുന്ന കാര്യം അൻവർ വ്യക്തമാക്കിയത്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ട് പോകുന്നതിനേക്കാൾ, സ്വന്തം സ്വത്വം നിലനിർത്തിക്കൊണ്ട് യുഡിഎഫിനെ പിന്തുണയ്ക്കുന്നതാണ് ഉചിതമെന്നാണ് അൻവറിന്റെ വിലയിരുത്തൽ.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഈ തീരുമാനം മലപ്പുറത്തെയും കേരളത്തിലെയും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങൾ കണക്കിലെടുത്ത് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിടാൻ യോഗം തീരുമാനിച്ചു. ഇതോടെ പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചതായും ദേശീയ നേതൃത്വവുമായുള്ള എല്ലാബന്ധവും അവസാനിപ്പിച്ചതായും അൻവർ പ്രഖ്യാപിച്ചു.

കേരളത്തിൽ സ്വതന്ത്രമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപീകരിച്ച് യുഡിഎഫിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് അൻവറിന്റെ ലക്ഷ്യം. തൃണമൂൽ ബന്ധം ഉപേക്ഷിച്ചതോടെ തന്റെ രാഷ്ട്രീയ നിലപാടുകൾ കൂടുതൽ വ്യക്തമാക്കാനുള്ളഒരുക്കത്തിലാണ് അദ്ദേഹം.

വരും ദിവസങ്ങളിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടായേക്കും.മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിന് അനുയോജ്യമായ ഒരു പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കാനാണ് അൻവറിന്റെ തീരുമാനം. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ആശയങ്ങളോട് ചേർന്നുനിൽക്കുന്ന ഈ പുതിയ സംഘടന മെയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കും.

എല്ലാ ജില്ലാ കമ്മിറ്റികളുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ നീക്കം. യുഡിഎഫ് രാഷ്ട്രീയവുമായി സഹകരിച്ച് പ്രവർത്തിക്കാനുറച്ച അൻവർ, തന്റെ രാഷ്ട്രീയ ഭാവി ഇനി ഈ പുതിയ സംവിധാനത്തിലൂടെയായിരിക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *