ചെന്നൈ സൂപ്പർ കിങ്‌സിലെ കന്നി സീസണിൽ തന്നെ സഞ്ജു സാംസൺ ആരാധകരുടെ പ്രിയങ്കരനായി മാറി. രണ്ട് സെഞ്ച്വറികളുമായി തകർപ്പൻ ഫോമിലുള്ള സഞ്ജു തിളങ്ങിയപ്പോഴെല്ലാം ചെന്നൈക്ക് വിജയിക്കാനായി. ഇതോടെ സി.എസ്.കെ ആരാധകർക്കിടയിൽ ‘ചേട്ടൻ’ എന്ന പേരിൽ സഞ്ജു തരംഗമായിരിക്കുകയാണ്.
തുടക്കത്തിലെ പരാജയങ്ങളിൽ വിമർശിച്ചവർക്ക് ഡൽഹിക്കെതിരെ 115 റൺസടിച്ച സഞ്ജു ബാറ്റ് കൊണ്ട് മറുപടി നൽകി. കൊൽക്കത്തക്കെതിരെ 48 റൺസുമായി തിളങ്ങിയ താരം, പിന്നാലെ മുംബൈക്കെതിരെ വാംഖഡെയിൽ പുറത്താവാതെ നേടിയ സെഞ്ച്വറിയിലൂടെ (101*) ചെന്നൈയെ വീണ്ടും വിജയവഴിയിലെത്തിച്ചു.
ഗുജറാത്തിനെതിരെ ചെറിയ സ്‌കോറിൽ പുറത്തായെങ്കിലും, മെയ് രണ്ടിന് ചെപ്പോക്കിൽ മുംബൈക്കെതിരെ സഞ്ജു കരുത്തുറ്റ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഈ മത്സരത്തിൽ വെറും മൂന്ന് സിക്സുകൾ കൂടി നേടാനായാൽ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ സിക്സടിച്ച ഏഴാമത്തെ താരമെന്ന റെക്കോർഡ് സഞ്ജുവിന് സ്വന്തമാകും. നിലവിൽ 234 സിക്സുകളുള്ള സഞ്ജുവിന്, ഡേവിഡ് വാർണറുടെ (236) റെക്കോർഡ് മറികടക്കാൻ ഇനി അധികം ദൂരമില്ല.
