സീസണിൽ തോൽവി അറിയാത്ത പഞ്ചാബ് കിങ്‌സിനെ തളയ്ക്കാൻ രാജസ്ഥാൻ റോയൽസിനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഡൽഹിക്കെതിരെ നടത്തിയ തകർപ്പൻ പ്രകടനം രാജസ്ഥാന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, കളിച്ച ആറ് മത്സരങ്ങളിലും ജയിച്ച് അപരാജിത കുതിപ്പ് തുടരുന്ന പഞ്ചാബിനെ വീഴ്ത്തുക എളുപ്പമാകില്ല.

മഴ കാരണം സമനിലയിലായ ഒരു മത്സരം ഒഴികെ മറ്റെല്ലാത്തിലും ആധിപത്യം പുലർത്തിയ പഞ്ചാബാണ് നിലവിൽ ടൂർണമെന്റിലെ കരുത്തർ.

നിലവിൽ എട്ട് മത്സരങ്ങളിൽ അഞ്ച് ജയവുമായി 10 പോയിന്റോടെ നാലാം സ്ഥാനത്താണ് രാജസ്ഥാൻ. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ രാജസ്ഥാന് ഇന്ന് വിജയം അനിവാര്യമാണ്.

മറുഭാഗത്ത്, ഇന്ന് കൂടി ജയിച്ചാൽ പഞ്ചാബിന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം. ചുരുക്കത്തിൽ, ഇരു ടീമുകൾക്കും നിർണ്ണായകമായ പോരാട്ടമാണിത്.ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് (265 റൺസ്) നടത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് എത്തുന്നത്.

പ്രഭ്‌സിമ്രാൻ സിങ്, ശശാങ്ക് സിങ് തുടങ്ങിയ യുവനിരയും സ്റ്റോയ്‌നിസ് അടക്കമുള്ള വിദേശ താരങ്ങളും ചേരുന്ന ബാറ്റിങ് നിരയും അർഷ്ദീപിന്റെ ബോളിങ്ങും ടീമിന് കരുത്തേകുന്നു. ഇതിനുപുറമെ, ഇതിഹാസ പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങൾ കൂടി ചേരുന്നതോടെ ഈ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി പഞ്ചാബ് മാറിക്കഴിഞ്ഞു

.സൺറൈസേഴ്‌സിനോട് തോറ്റാണ് വരുന്നതെങ്കിലും വൈഭവ് സൂര്യവംശിയുടെ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ജയ്‌സ്വാളും ധ്രുവ് ജുറലും ബാറ്റിങ്ങിൽ തിളങ്ങുകയും, ജോഫ്ര ആർച്ചറും രവീന്ദ്ര ജഡേജയും ബോളിങ്ങിൽ കരുത്തുകാട്ടുകയും ചെയ്താൽ രാജസ്ഥാന് വിജയം കൈപ്പിടിയിലൊതുക്കാം.

ആർച്ചറുടെ വേഗതയും ജഡേജയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ടീമിന് ആത്മവിശ്വാസം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *