പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 222 റൺസെന്ന കൂറ്റൻ ലക്ഷ്യം, 228 റൺസെടുത്ത് ആറ് വിക്കറ്റിന് രാജസ്ഥാൻ മറികടന്നു. സ്വന്തം തട്ടകത്തിൽ പഞ്ചാബ് പൊരുതിയെങ്കിലും രാജസ്ഥാന്റെ കരുത്തിന് മുന്നിൽ പരാജയം സമ്മതിക്കുകയായിരുന്നു.
യശ്വസി ജെയ്‌സ്വാളിന്റെയും ഡെണോവൻ ഫെരേരയുടെയും അർധ സെഞ്ച്വറിക്കരുത്തിൽ രാജസ്ഥാൻ ജയം തൊട്ടു. 27 പന്തിൽ 51 റൺസ് നേടിയ ജെയ്‌സ്വാൾ മികച്ച തുടക്കം നൽകിയപ്പോൾ, 52 റൺസുമായി ഫെരേര ടീമിനെ വിജയത്തിലെത്തിച്ചു.
16 പന്തിൽ 43 റൺസെടുത്ത വൈഭവ് സൂര്യവംശിയും ഇംപാക്ട് പ്ലെയർ ശുഭം ദുബെയും (31) വിജയത്തിൽ നിർണായകമായി.200 കടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ അർധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ യശ്വസി ജെയ്‌സ്വാളും ഇടംപിടിച്ചു.
ഒമ്പതാം തവണയാണ് ജെയ്‌സ്വാൾ ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ പട്ടികയിൽ ശുഭ്മൻ ഗില്ലിനൊപ്പമെത്തിയ ജെയ്‌സ്വാളിന് മുന്നിൽ വിരാട് കോഹ്‌ലിയും സഞ്ജു സാംസണുമാണുള്ളത്.
