ന്യൂയോര്‍ക്ക്: ഇസ്രഈല്‍ സൈന്യവും സുരക്ഷാ സേനയും ഫലസ്തീന് തടവുകാരെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയതായി ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ബലാത്സംഗം, കൂട്ടബലാത്സംഗം, നഗ്നരാക്കിയുള്ള പരിശോധനകള്‍, ഭീഷണികള്‍ തുടങ്ങി പീഡനമുറയായി ഉപയോഗിച്ച 31 സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ടിലുണ്ട്.
ഇരകളില്‍ 10 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്സ് (IDF), ജയില്‍ സര്‍വീസ്, പ്രത്യേക പൊലീസ് വിഭാഗങ്ങള്‍ എന്നിവരാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് യു.എന്‍ കണ്ടെത്തി.
ഇതേത്തുടര്‍ന്ന്, തടവുകാരെ ആസൂത്രിതമായി ലൈംഗിക പീഡനത്തിനിരയാക്കുന്ന രാജ്യങ്ങളുടെയും സായുധ ഗ്രൂപ്പുകളുടെയും യു.എന്‍ ‘കരിമ്പട്ടികയിൽ’ ഇസ്രഈലിനെ ഉള്‍പ്പെടുത്തി.
ഇതില്‍ പ്രകോപിതരായ ഇസ്രഈല്‍, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും, അദ്ദേഹത്തിന്റെ ഓഫീസുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും വിച്ഛേദിക്താതായി പ്രഖ്യാപിക്കുകയും ചെയ്തു.
