തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് സർക്കാരിന്റെ ധവളപത്രം ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയിൽ മേശപ്പുറത്തുവെച്ചു.
കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ വരുമാന ചോർച്ച, ധൂർത്ത്, കിഫ്ബി വരുത്തിവെച്ച സാമ്പത്തിക ബാധ്യത, നികുതി പിരിവിലെ വീഴ്ചകൾ, കേന്ദ്ര വിഹിതത്തിന്റെ വിനിയോഗം എന്നിവ ഉൾക്കൊള്ളുന്നതാണ് ധവളപത്രം. ഭാവി കേരള നിർമ്മിതിക്കുള്ള അടിസ്ഥാന രേഖയാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോൾ, ഇതൊരു രാഷ്ട്രീയ രേഖ മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ധവളപത്രം തയാറാക്കാൻ പുറത്തുനിന്നുള്ള മൂന്നംഗ വിദഗ്ധ സമിതിക്ക് ധനവകുപ്പിന്റെ രഹസ്യരേഖകൾ കൈമാറിയത് സത്യപ്രതിജ്ഞാ ലംഘനവും ചട്ടലംഘനവുമാണെന്ന് മുൻ ധനമന്ത്രി കെ.എ.ൻ. ബാലഗോപാൽ ആരോപിച്ചു.
എന്നാൽ, മന്ത്രിസഭയുടെ അംഗീകാരത്തോടെ ബജറ്റിലെ പരസ്യമായ പ്ലാൻ രേഖകൾ മാത്രമാണ് സമിതി പരിശോധിച്ചതെന്നും അന്തിമ രേഖ തയാറാക്കിയത് ധനവകുപ്പാണെന്നും മുഖ്യമന്ത്രി ഇതിന് മറുപടി നൽകി.
മുഖ്യമന്ത്രിയുടെ വിശദീകരണം ‘വീണിടത്തു കിടന്നുരുളൽ’ ആണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ധനവകുപ്പിനെ ഇരുട്ടിൽ നിർത്തിയാണ് ഇത് തയാറാക്കിയതെന്ന് ആരോപിച്ചു. അതേസമയം ബാലഗോപാൽ ഉന്നയിച്ച വിഷയം ക്രമപ്രശ്നമായി കണക്കാക്കാനാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചു.

