വാഷിങ്ടൻ: ഇറാൻ അണ്വായുധം നിർമിക്കില്ലെന്ന് യുഎസുമായി സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. നിലവിലെ സമാധാന ചർച്ചകൾ വിജയകരമായാൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്‌തബ ഖമനയിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായും ട്രംപ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ വ്യക്തമാക്കി.
ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റെങ്കിലും മുജ്‌തബ ഖമനയി യുഎസ്–ഇറാൻ ചർച്ചകളിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ലബനനിലെ ഹിസ്ബുല്ലയ്ക്കെതിരായ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാതെ ചർച്ചകൾക്കില്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്നും പുരോഗമിക്കുകയാണെന്നും ട്രംപ് ആവർത്തിച്ചു.
ചർച്ചകൾ പരാജയപ്പെട്ടാൽ മറ്റൊരു വഴിയിലൂടെ കരാർ സാധ്യമാക്കുമെന്നും എന്നാൽ അത് എന്താണെന്ന് വിശദീകരിക്കാൻ അദ്ദേഹം തയാറായില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

