ന്യൂയോർക്ക്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ്. കോഡി ഗാക്പോ പെനാൽറ്റിയിലൂടെ നേടിയ രണ്ട് ഗോളുകളാണ് ഡച്ച് പടയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ അൾജീരിയയോട് പരാജയപ്പെട്ടിരുന്ന നെതർലൻഡ്സിന് ഈ വിജയം നിർണായകമായി.
32, 98 മിനിറ്റുകളിലായിരുന്നു ഗാക്പോയുടെ ഗോളുകൾ. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ ഡച്ച് നിര രണ്ടാം പകുതിയിൽ തളർന്നതോടെ ഉസ്ബക്കിസ്ഥാൻ കളിയിലേക്ക് തിരിച്ചുവന്നു. 89-ാം മിനിറ്റിൽ ഹാൻഡ് ബോളിനെ തുടർന്ന് ഗൂസ് ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഡച്ച് പടയ്ക്ക് തിരിച്ചടിയായി.
ഇതിന് പിന്നാലെ 92-ാം മിനിറ്റിൽ ഇഗോർ സെർജീവ് ഉസ്ബക്കിസ്ഥാനായി സമനില ഗോൾ നേടി. എന്നാൽ ഇഞ്ചറി ടൈമിന്റെ അവസാന നിമിഷത്തിൽ (98′) ലഭിച്ച രണ്ടാമത്തെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗാക്പോ നെതർലൻഡ്സിന്റെ നാടകീയ വിജയം ഉറപ്പിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച നെതർലൻഡ്സ് ജപ്പാനെയും, ജൂൺ 18-ന് കന്നി ലോകകപ്പ് കളിക്കുന്ന ഉസ്ബക്കിസ്ഥാൻ കൊളംബിയയെയും നേരിടും.

