കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി.
കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും വീണയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. സേവനം നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്ന കണ്ടെത്തൽ, എംപവർ ഇന്ത്യയിൽ നിന്ന് 50 ലക്ഷം രൂപ വായ്പ എടുത്ത സാഹചര്യം, വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ ചോദ്യാവലിയാണ് ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, ജയ എസ്. കർത്ത, ഷിബി കർത്ത എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് വീണയെ ചോദ്യം ചെയ്യുന്നത്. നേരത്തെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ രണ്ടാഴ്ചത്തെ സാവകാശം തേടിയിരുന്നെങ്കിലും, ഇ.ഡി അത് അനുവദിക്കാതെ ബുധനാഴ്ച തന്നെ ഹാജരാകാൻ വീണ്ടും സമൻസ് അയക്കുകയായിരുന്നു.

