രാജ്യത്തെ സ്വകാര്യ പ്രതിരോധസംവിധാന നിർമാണ മേഖലയ്ക്ക് പുതിയ കുതിപ്പേകി അദാനി ഗ്രൂപ്പ്. 2500 കോടി രൂപ ചിലവിൽ മധ്യപ്രദേശിലെ ശിവപുരിയിൽ നിർമിക്കുന്ന അത്യാധുനിക മിസൈൽ പ്ലാന്റിന്റെ തറക്കല്ലിടൽ കർമം നിർവഹിക്കപ്പെട്ടു.
സ്വകാര്യമേഖലയിലെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സംയോജിത മിസൈൽ നിർമാണ കേന്ദ്രമായിരിക്കും ഇത്. മിസൈൽ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഉത്പാദനം മുതൽ സജ്ജമായ മിസൈൽ സംവിധാനങ്ങളുടെ നിർമാണം വരെയുള്ള എല്ലാ പ്രക്രിയകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാന്റ് ഒരുങ്ങുന്നത്.
വരും വർഷങ്ങളിൽ അയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ സംരംഭം, പ്രതിരോധ രംഗത്ത് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും വലിയ മുതൽകൂട്ടാകുമെന്ന് അദാനി എന്റർപ്രൈസസ് ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി.

