ട്രെയിൻ യാത്രകളിൽ വാട്സാപ്പിൽ ലഭിക്കുന്ന ടിക്കറ്റിന്റെ ഫോട്ടോയോ സ്ക്രീൻഷോട്ടോ സാധുവായ രേഖയായി കണക്കാക്കില്ലെന്ന് റെയിൽവേയുടെ കർശന മുന്നറിയിപ്പ്. സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ തിരുത്താനും മറ്റുള്ളവർക്ക് പങ്കുവെക്കാനും സാധിക്കുന്നതിനാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ടിക്കറ്റ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി.
പരിശോധന സമയത്ത് ഒന്നുകിൽ റെയിൽവേ കൗണ്ടറിൽ നിന്നുള്ള ഒറിജിനൽ അച്ചടിച്ച ടിക്കറ്റോ, അല്ലെങ്കിൽ അംഗീകൃത ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഒറിജിനൽ ഡിജിറ്റൽ ഇ-ടിക്കറ്റോ (SMS/Email/App) തന്നെ ഹാജരാക്കണമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. മുൻപ് ടിടിഇമാർ സ്ക്രീൻഷോട്ടുകൾ അനുവദിച്ചിരുന്നെങ്കിലും തട്ടിപ്പുകൾ തടയാൻ ഇനി മുതൽ കർശന പരിശോധനയുണ്ടാകും.

