ആലപ്പുഴ കാഞ്ഞിരംചിറയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് കത്തിക്കുത്തേറ്റു മരിച്ചു. പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മനീഷിന്റെ ബന്ധുവായ റോബിനെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിൽ വെച്ച് ഞായറാഴ്ച വൈകീട്ടാണ് ക്രൂരമായ കൊലപാതകം നടന്നത്.
പ്രതിയായ റോബിന്റെ ഭാര്യയും മനീഷും തമ്മിൽ അടുപ്പത്തിലാണെന്ന സംശയത്തെത്തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന റോബിന്റെ ഭാര്യയ്ക്കും കത്തിക്കുത്തിൽ നേരിയ പരിക്കേറ്റിട്ടുണ്ട്.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട മനീഷും പ്രതി റോബിനും സഹോദരിമാരുടെ മക്കളാണ്.

