കുവൈത്ത് സിറ്റി: യുഎസ് – ഇറാൻ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈത്തിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ കനത്ത വ്യോമാക്രമണം. കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ (KPC) ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’ (KUNA) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് വൻതോതിൽ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് രണ്ടിടങ്ങളിലാണ് കനത്ത തീപിടിത്തമുണ്ടായത്. ആദ്യത്തെ പ്ലാന്റിൽ തീ പടർന്നതിനെ തുടർന്ന് ജീവനക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷ മുൻനിർത്തി പ്രദേശം അടിയന്തരമായി ഒഴിപ്പിച്ചു.

പ്ലാന്‍റിലുണ്ടായ വൻ തീപിടിത്തം അണയ്ക്കുന്നതിനിടയിൽ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർക്ക് പ്ലാന്റിൽ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൂടുതൽ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റി. കുവൈത്ത് ജനറൽ ഫയർഫൈറ്റിംഗ് ഫോഴ്‌സും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *