മലപ്പുറം: ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമിനാണ് കടിയേറ്റത്.
തലയ്ക്കും മുഖത്തിനും കൈയ്ക്കും സാരമായി പരിക്കേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒതുക്കുങ്ങൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ശനിയാഴ്ച മറ്റു മൂന്ന് പേർക്ക് കൂടി തെരുവ് നായയുടെ അക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മദ്രസയിൽ പോവുകയായിരുന്ന റിഷാദ് അലി, നാരായണൻ, സൈനബ എന്നിവർക്കാണ് പരിക്കേറ്റത്. കറുത്ത നിറത്തിലുള്ള ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന് വാർഡ് അംഗം സി.കെ. റഹൂഫ് വ്യക്തമാക്കി. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്.

