ഭോപ്പാൽ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനുള്ള നിർണായക നിയമനിർമാണത്തിന് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം അംഗീകാരം നൽകി.

സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കാനാണ് നിയമമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, സംരക്ഷിത മേഖലകളിലെ പട്ടികവർഗ്ഗ-ഗോത്രവിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയ്ക്ക് ഏകീകൃത സ്വഭാവം വരും.

സ്വത്തുക്കളിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമായിരിക്കും. കോടതി ഉത്തരവിലൂടെ മാത്രമേ ഇനി വിവാഹമോചനം സാധ്യമാകൂ എന്നും പഞ്ചായത്ത് തലം മുതൽ വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ലിവ്-ഇൻ പങ്കാളികൾക്കായി കടുത്ത നിയന്ത്രണങ്ങളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

ഒരുമിച്ച് ജീവിച്ചു തുടങ്ങി ഒരു മാസത്തിനകം ബന്ധം രജിസ്റ്റർ ചെയ്യണം. ലിവ്-ഇൻ റിലേഷനിൽ ഏർപ്പെടുന്ന പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം. വിവാഹിതനായ ഒരാൾ പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയുമായി ലിവ്‌-ഇൻ റിലേഷനിൽ ഏർപ്പെട്ടാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനാണ് നിയമമെന്നും 80 ശതമാനത്തോളം മുസ്‌ലിം സ്ത്രീകൾ ഇതിനെ പിന്തുണച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ഈ നിയമം ധൃതിപിടിച്ച് കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമംഗ് സിംഘാർ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *