ദുബായ്: ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ഇന്ത്യൻ ടീമിന്‍റെ ഫീല്‍ഡിംഗ് ചലഞ്ചില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്‍റെ നേതൃത്വത്തില്‍ നടന്ന ഫീല്‍ഡിംഗ് ചലഞ്ചിലാണ് സഞ്ജുവും ഗില്ലും സൂര്യകുമാര്‍ യാദവും ഉള്‍പ്പെടെയുള്ള ഇന്ത്യൻ താരങ്ങള്‍ പരാജയപ്പെട്ടത്.

ദുബായിലെ ഐസിസി അക്കാദമിയില്‍ നടന്ന ഫീല്‍ഡിംഗ് ഡ്രില്ലില്‍ ഫീല്‍ഡ് ചെയ്തശേഷം ഗ്രൗണ്ടില്‍ വെച്ചിട്ടുള്ള ഒറ്റ വിക്കറ്റില്‍ പന്തെറിഞ്ഞു കൊള്ളിക്കുക എന്നതായിരുന്നു കളിക്കാര്‍ക്ക് ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് നല്‍കിയ ചലഞ്ച്.”കളിക്കാരെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും 20 പന്തുകള്‍ വീതം ത്രോ ചെയ്യാനായി നല്‍കി.

എറ്റവും കുറവ് പന്തുകളില്‍ വിക്കറ്റ് എറിഞ്ഞു വീഴ്ത്തുന്നവര്‍ക്ക് സമ്മാനമുണ്ടെന്നും ഫീല്‍ഡിംഗ് കോച്ച് പറഞ്ഞിരുന്നു. എന്നാല്‍ ത്രോ ചെയ്ത ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനോ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനോ സഞ്ജു സാംസണോ പന്ത് ഒരു തവണ പോലും വിക്കറ്റില്‍ കൊള്ളിക്കാനായില്ല.

അതേസമയം, റിങ്കു സിംഗ്, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനൊപ്പം മത്സരിക്കുന്ന ജിതേഷ് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും പന്ത് നേരിട്ടെറിഞ്ഞ് വിക്കറ്റിൽ കൊള്ളിച്ചു. ഇവര്‍ക്കെല്ലാം കോച്ച് ടി ദിലീപ് ക്യാഷ് പ്രൈസ് നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *