ഇറാനെതിരെ കടുത്ത സാമ്പത്തിക നീക്കങ്ങളുമായി ട്രംപ് ഭരണകൂടം. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരിൽ ഒരു ചൈനീസ് റിഫൈനറിക്കും 40 ഷിപ്പിങ് കമ്പനികൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. കൂടാതെ, ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കാനും യുഎസ് നീക്കം നടത്തുന്നുണ്ട്.

അതേസമയം, യുഎസ് പ്രതിനിധികളായ ജേർഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ഇറാന്റെ വിദേശകാര്യമന്ത്രിയും ഒരേസമയം പാക്കിസ്ഥാനിലെത്തിയെങ്കിലും ചർച്ചകൾ നടന്നില്ലെന്ന നിലപാടിലാണ് ഇറാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണം, ക്രൂഡ് ഓയിൽ, ഓഹരി വിപണി എന്നിവ വരുംദിവസങ്ങളിലെ മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണ്.ക്രൂഡ് ഓയിൽ, സ്വർണ്ണ വിപണിയിലെ പുതിയ മാറ്റങ്ങൾ താഴെ നൽകുന്നു:

എണ്ണവിലയിൽ ചാഞ്ചാട്ടം; സ്വർണത്തിൽ മാറ്റമില്ല

ഈയാഴ്ച ആകെ 15 ഡോളറിന്റെ വൻ മുന്നേറ്റം നടത്തിയ ക്രൂഡ് ഓയിൽ വിലയിൽ ഇപ്പോൾ നേരിയ മാറ്റം. യുഎസ്-ഇറാൻ ചർച്ചകളിലെ അനിശ്ചിതത്വം വിപണിയെ സ്വാധീനിച്ചതോടെ യുഎസ് ക്രൂഡ് വില 94.40 ഡോളറിലേക്ക് താഴ്ന്നു.

അതേസമയം, ബ്രെന്റ് ക്രൂഡ് വില 105.3 ഡോളറായി ഉയർന്നു നിൽക്കുന്നു.എണ്ണവിലയിലെ കുതിപ്പിന് താൽക്കാലികമായി വേഗത കുറഞ്ഞതോടെ രാജ്യാന്തര സ്വർണ്ണവിലയും വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്.

നിലവിൽ ഔൺസിന് 4708.69 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ഈ നിശ്ചലാവസ്ഥ കാരണം കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്.

ആഗോള സംഘർഷങ്ങൾക്കിടയിലും യുഎസ് വിപണിയിൽ മുന്നേറ്റം. ഇറാൻ-യുഎസ് ഭിന്നതയും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, കമ്പനികളുടെ മികച്ച സാമ്പത്തിക ഫലങ്ങളാണ് (Q4 results) വിപണിയെ നയിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച യുഎസിലെ എസ് ആൻഡ് പി 500 (0.8%), നാസ്ഡാക് (1.63%) സൂചികകൾ പുതിയ റെക്കോർഡ് കുറിച്ചു. എന്നാൽ ഡൗ ജോൺസ് 0.16% നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.വരാനിരിക്കുന്ന വരുമാന വളർച്ചാ അനുമാനങ്ങളും വിപണിയുടെ ചലനങ്ങളെ വരും ദിവസങ്ങളിൽ സ്വാധീനിക്കും.

പ്രമുഖ ഓഹരികളുടെ തകർച്ച വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ കനത്ത നഷ്ടത്തിലാക്കി. പ്രധാനമായും ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എന്നിവയാണ് സെൻസെക്സിനെ താഴേക്ക് നയിച്ചത്. റിലയൻസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, സൺ ഫാർമ എന്നീ വൻകിട കമ്പനികളും വലിയ പോയിന്റ് നഷ്ടം രേഖപ്പെടുത്തി.

ഐടി, ബാങ്കിംഗ് മേഖലകളിലെ ഈ ഇടിവ് നിക്ഷേപകരെ ആശങ്കയിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *