ജമ്മുവിലെ ബന്താപ്പിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി സൈന്യവും എൻ.ഡി.ആർ.എഫും ചേർന്ന് 12 മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ ഈ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തർസേം ലാൽ എന്ന തൊഴിലാളിയെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും, രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചയോടെയാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർ സർവീസ് ഓഫീസർക്കും പരിക്കേറ്റു.

സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ കർശന നടപടിക്ക് ഉത്തരവിടുകയും ചെയ്തു.വീഴ്ച വരുത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാഹിൽ വർമ്മയെയും ജൂനിയർ എഞ്ചിനീയറെയും സസ്‌പെൻഡ് ചെയ്തു; എക്സിക്യൂട്ടീവ് എഞ്ചിനീയറെ സ്ഥാനത്തുനിന്നും മാറ്റി.

സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ച ഉപമുഖ്യമന്ത്രി, അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. സുരക്ഷാ വീഴ്ചയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *