ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി കോൺഗ്രസിനെ അറിയിച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്. ഇറാൻ അണുവായുധം നേടുന്നത് തടയാനാണ് അമേരിക്കയുടെ പോരാട്ടമെന്നും, പാകിസ്ഥാൻ മധ്യസ്ഥതയിൽ മുന്നോട്ടുവെച്ച സമാധാന കരാർ തള്ളിയതായും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പക്കൽ അണുവായുധമെത്തിയാൽ അത് ഇസ്രായേലിനും യൂറോപ്പിനും വലിയ ഭീഷണിയാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.ഇറാനിലെ നേതൃത്വത്തിലെ അനിശ്ചിതത്വം കാരണമാണ് ഉടനെ ഒരു ഒത്തുതീർപ്പിനില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. ഇപ്പോൾ യുദ്ധം നിർത്തിയാൽ മൂന്ന് വർഷത്തിന് ശേഷം ഇറാൻ വീണ്ടും ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബി2 ബോംബറുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ ഇറാന്റെ വ്യോമ-നാവിക സേനകളെയും റഡാർ സംവിധാനങ്ങളെയും പൂർണ്ണമായും തകർക്കാൻ കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.ചർച്ച അല്ലെങ്കിൽ നാശം; ഇറാനു മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ലംഘനങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തർക്കത്തിലാണ്.
ഹോർമുസ് കടലിടുക്കിലെ എണ്ണവ്യാപാര പ്രതിസന്ധി തുടരുന്നതിനിടെ, ഇറാന്റെവിദേശകാര്യമന്ത്രി സൗദി, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ വിമുഖത കാണിക്കുന്നതിനെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വിമർശിച്ചു.
അമേരിക്കൻ ഉപരോധം മൂലം കറാച്ചി തുറമുഖത്ത് ചരക്കുകൾ കുടുങ്ങിക്കിടക്കുന്നതിനിടെ, മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ റോഡ് മാർഗ്ഗം ഇറാനിലേക്ക് എത്തിക്കാൻ പാകിസ്ഥാൻ അനുമതി നൽകി. എന്നാൽ, പാക് മധ്യസ്ഥതയിൽ നടന്ന മുൻ ചർച്ചകൾ ഫലം കണ്ടിട്ടില്ല.
