മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ക്യാപ്റ്റൻസിയെ ചൊല്ലി വീണ്ടും ചർച്ചകൾ സജീവമാകുന്നു. പരിക്കും വ്യക്തിപരമായ കാരണങ്ങളും മൂലം ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും അടുത്ത മത്സരത്തിൽ കളിച്ചില്ലെങ്കിൽ മുൻ നായകൻ രോഹിത് ശർമ ടീമിനെ നയിച്ചേക്കും.
നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങൾ അതിനിർണ്ണായകമാണ്.ഹാർദിക് പാണ്ഡ്യ പുറംവേദനയെത്തുടർന്ന് ചികിത്സയിലാണ്. വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇരുവരും വിട്ടുനിന്നാൽ അനുഭവസമ്പന്നനായ രോഹിത് ശർമയോ ജസ്പ്രീത് ബുംറയോ ആകും ടീമിനെ നയിക്കുക. ലക്നൗവിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ഹാർദിക്കിന്റെഅഭാവത്തിൽ സൂര്യകുമാറാണ് ടീമിനെ നയിച്ചിരുന്നത്.
പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായ സാഹചര്യത്തിൽ ഒരു പരീക്ഷണത്തിന് മുംബൈ മുതിർന്നേക്കില്ല. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള നിർണ്ണായക പോരാട്ടത്തിന് മുൻപ് നായകന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. രോഹിത് നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്ആരാധകരിലും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
