അൽ ശബാബിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിൽ നൂറ് ഗോളുകൾ തികച്ചു. കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അൽ നസർ വിജയിച്ചു.
ജാവോ ഫെലിക്സിന്റെ ഹാട്രിക് നേട്ടവും ടീമിന്റെ വിജയത്തിൽ നിർണ്ണായകമായി. ഈ വിജയത്തോടെ അൽ നസർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.സീസണിലെ 25-ാം ഗോളോടെ സൗദി ലീഗിൽ 100 ഗോൾ തികയ്ക്കുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ മാറി.
പ്രീമിയർ ലീഗ്, ലാലിഗ, സീരി എ എന്നിവയ്ക്ക് പിന്നാലെ സൗദിയിലും ഈ നേട്ടം കൈവരിച്ച താരം “ഇതൊരു മികച്ച വിജയമാണെന്നും നമുക്ക് മുന്നേറാമെന്നും” സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ ചരിത്രനേട്ടത്തോടെ അൽ നസർ ലീഗിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്.
കരിയറിൽ 1000 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോയ്ക്ക് ഇനി 29 ഗോളുകൾ കൂടി മാത്രം മതി. നിലവിൽ 971 ഗോളുകളുള്ള താരം ഈ ലക്ഷ്യം ഉടൻ മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദിയിലെത്തിയ റൊണാൾഡോ, പോർച്ചുഗലിനായി വിവിധ തലങ്ങളിലായി 161 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
