ബ്രിട്ടീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി. ലേബർ പാർട്ടിയുടെ പരമ്പരാഗത കോട്ടകളിലടക്കം വൻ മുന്നേറ്റം നടത്തിയ തീവ്ര വലതുപക്ഷ പാർട്ടിയായ ‘റിഫോം യു.കെ’ (Reform UK) ആയിരത്തിലധികം സീറ്റുകൾ നേടി. ഗ്രീൻ പാർട്ടിയും ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയപ്പോൾ, കുടിയേറ്റ വിരുദ്ധ നിലപാടുകൾക്ക് ലഭിച്ച പിന്തുണയാണ് ഫലം വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇംഗ്ലണ്ടിലെ ലേബർ പാർട്ടിയുടെ കോട്ടകൾ തകർത്ത് 1,100-ലധികം സീറ്റുകൾ നഷ്ടമായ തെരഞ്ഞെടുപ്പിൽ, 26% വോട്ട് വിഹിതവുമായി റിഫോം യു.കെ രാജ്യത്തെ വലിയ പാർട്ടിയായി. വെയ്ല്‍സിൽ 27 വർഷത്തെ ലേബർ ഭരണം അവസാനിക്കുകയും ഫസ്റ്റ് മിനിസ്റ്റർ ഇലുനെഡ് മോർഗൻ രാജിവെക്കുകയും ചെയ്തു.

ഫലം കഠിനമാണെന്ന് സമ്മതിച്ച പ്രധാനമന്ത്രി കെയർ സ്റ്റാർമർ, താൻ പിന്മാറില്ലെന്ന് വ്യക്തമാക്കി. ലേബർ പാർട്ടിയുടെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യത്തിന് ഇതോടെ അന്ത്യമായെന്നാണ് വിലയിരുത്തൽ.ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ദ്വികക്ഷി സമ്പ്രദായം അവസാനിച്ചെന്നും ഇത് ചരിത്രപരമായ മാറ്റമാണെന്നും റിഫോം യു.കെ നേതാവ് നൈജൽ ഫരാജ് പ്രതികരിച്ചു.

ലേബർ പാർട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിട്ടുണ്ട്. നിലവിൽ 22 എം.പിമാർ സ്റ്റാർമറുടെ രാജി പരസ്യമായി ആവശ്യപ്പെട്ടു. 2029-ലെ പൊതുതെരഞ്ഞെടുപ്പിന്റെ ദിശ വ്യക്തമാക്കുന്ന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ഫലത്തെ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *