കേന്ദ്രസർക്കാർ കൊച്ചി വാട്ടർ മെട്രോ മാതൃക രാജ്യത്തെ 18 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാരാണസി, അയോധ്യ, ഗുവാഹത്തി, ശ്രീനഗർ, പട്ന തുടങ്ങിയ നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.

ആദ്യഘട്ടത്തിൽ വാരാണസി, അയോധ്യ, ഗുവാഹത്തി, ശ്രീനഗർ, പട്ന, പ്രയാഗ്‌രാജ് എന്നീ നഗരങ്ങളിലും, രണ്ടാംഘട്ടത്തിൽ അസമിലെ തേസ്പൂർ, ദിബ്രുഗഡ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. ഇതിന് മുന്നോടിയായി 18 നഗരങ്ങളിൽ സാധ്യതാ പഠനം നടത്താൻ ഇൻലാൻഡ് വാട്ടർവേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (KMRL) ചുമതലപ്പെടുത്തിയിരുന്നു.

രാജ്യത്തെ ഉൾനാടൻ ജലപാതകളെ നഗര ഗതാഗത ഇടനാഴികളാക്കി മാറ്റാനും ടൂറിസം വികസനത്തിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി നഗര ജലഗതാഗതത്തിന്റെ പ്രവർത്തനം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ദേശീയ വാട്ടർ മെട്രോ നയത്തിന്റെ കരടുരേഖ കേന്ദ്രസർക്കാർ തയ്യാറാക്കി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *