സംസ്ഥാനത്തെ ഭരണതല മാറ്റങ്ങളെ തുടർന്ന് കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാൽ രാജിവെച്ചു. കഴിഞ്ഞ നാല് വർഷത്തെ നേട്ടങ്ങൾ വാർത്താകുറിപ്പിൽ എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ പടിയിറക്കം.

തന്റെ കാലാവധിയിൽ പെൻഷൻ തുക 4000 രൂപയിൽ നിന്ന് 5000 രൂപയായും, കുടുംബ-അവശതാ പെൻഷനുകൾ 1600 രൂപയായും വർധിപ്പിക്കാൻ കഴിഞ്ഞതായി മധുപാൽ വ്യക്തമാക്കി.കലാകാരന്മാരെ ചേർത്തുപിടിക്കുന്ന നിലപാടാണ് ബോർഡിന്റേതെന്ന് മധുപാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി, മറ്റ് പെൻഷനുകളില്ലാത്ത 60 കഴിഞ്ഞ കലാകാരന്മാർക്കും ക്ഷേമനിധിയിൽ അംഗത്വം നൽകാൻ സർക്കാർ ഉത്തരവായി. കൂടാതെ, അംഗത്വ നടപടികൾ ലഘൂകരിക്കുകയും ചെയ്തു.

2021-22 മുതൽ 2026 ഏപ്രിൽ വരെ പെൻഷനായി 90 കോടിയിലധികവും മറ്റ് ധനസഹായങ്ങൾക്കായി 5 കോടിയിലധികവും രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പല തിയേറ്ററുകളും സെസ്സ് തുക യഥാസമയം അടയ്ക്കാതെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് പുതുക്കി വാങ്ങിയിരുന്നതിനാൽ ക്ഷേമനിധി ബോർഡിന്റെ വരുമാനം തടസ്സപ്പെട്ടിരുന്നു.

ഇതിന് പരിഹാരമായി, ബോർഡിന്റെ കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് (NOC) നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ, നിലവിൽ തിയേറ്ററുകളിൽ നിന്ന് കൃത്യമായി സെസ് പിരിച്ചെടുക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുകൾ ഫയൽ ചെയ്ത 35 കേസുകളിൽ 28 എണ്ണത്തിലും ഹൈക്കോടതി വിധി സർക്കാരിനും ബോർഡിനും അനുകൂലമായിരുന്നു. ഇതിലൂടെ കുടിശ്ശിക സെസ് പിരിച്ചെടുക്കാൻ കഴിഞ്ഞു. ബാക്കി കേസുകളിലും അനുകൂല വിധി പ്രതീക്ഷിക്കുന്നു. ഈ നിയമവിജയം വരും വർഷങ്ങളിൽ ബോർഡിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും, തിയേറ്ററുകളുമായുള്ള ബന്ധം കൂടുതൽ സൗഹൃദപരമാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *