ഇറാൻ യുദ്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നല്ല സൂചനകളുണ്ടെങ്കിലും അമിത ശുഭാപ്തിവിശ്വാസമില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സ്വീഡനിലേക്ക് തിരിക്കും മുൻപ് ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ ചുമത്തുന്നത് പൂർണ്ണമായും നിയമവിരുദ്ധവും ലോകത്തിന് ഭീഷണിയുമാണെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി. ഈ നടപടി തുടർന്നാൽ നയതന്ത്രപരമായ ഏതൊരു കരാറും അപ്രായോഗികമാകുമെന്നും, ലോകത്ത് ആരും ഇതിനെ അനുകൂലിക്കുന്നില്ലെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.
ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള കരട് കരാർ ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാനിയൻ ഏജൻസിയായ ‘ഐഎസ്എൻഎ’ റിപ്പോർട്ട് ചെയ്തു. പാകിസ്താന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, ഒപ്പുവെക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടോ എന്ന് പറയാൻ സമയമായിട്ടില്ലെന്ന് അൽജസീറ വ്യക്തമാക്കുന്നു
