തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയും കടബാധ്യതകളും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ ധവളപത്രം സമർപ്പിച്ചു.
‘കേരളത്തിന്റെ ധനസ്ഥിതി: ഒരു സ്റ്റാറ്റസ് റിപ്പോർട്ട്’ (Kerala’s Fiscal Health: A Status Report) എന്ന പേരിൽ സമർപ്പിച്ച ഈ റിപ്പോർട്ട് സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൃത്യമായ ചിത്രം പുറത്തുവിടുന്നതാണ്. മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ആസൂത്രണ കമ്മീഷൻ മുൻ ഉപാധ്യക്ഷനുമായിരുന്ന ഡോ. കെ. എം. ചന്ദ്രശേഖരൻ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
സംസ്ഥാനത്തിന്റെ ധനകാര്യ ഘടന കടുത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണെന്നും അടിയന്തര തിരുത്തൽ നടപടികൾ ആവശ്യമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ധവളപത്രത്തിലെ പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്:
കടക്കെണിയിൽ കേരളം: കുടിശ്ശിക 49,000 കോടി
കേരളത്തിന്റെ ആകെ പൊതുകടം 5.07 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇതിന് പുറമെ, മുൻപ് മാറ്റിവെച്ചതും നിലവിൽ വിവിധ മേഖലകളിൽ കൊടുത്തുതീർക്കാനുമുള്ള ആകെ കുടിശ്ശികകൾ മാത്രം 49,000 കോടി രൂപയോളം (കൃത്യമായി ₹48,733 കോടി) വരും. സംസ്ഥാനത്തിന്റെ ഒരു വർഷത്തെ ആകെ അറ്റ വായ്പ പരിധിക്ക് (Net Borrowing Allowance) തുല്യമാണ് ഈ കുടിശ്ശിക തുക.പ്രധാന കുടിശ്ശികകൾ:
ജീവനക്കാരുടെ ക്ഷാമബത്ത (DA) കുടിശ്ശിക: ₹21,670 കോടി
പെൻഷൻകാരുടെ ക്ഷാമബത്ത (DR) കുടിശ്ശിക: ₹14,387 കോടി
ബിൽ ഡിസ്കൗണ്ടിങ് ഇനത്തിൽ കരാറുകാർക്ക് നൽകാനുള്ളത്: ₹3,431 കോടി
വരുമാനത്തിന്റെ 77 ശതമാനവും നിശ്ചിത ചിലവുകൾക്ക്
സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ചിലവഴിക്കുന്നത് ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിശ്ചിത ചിലവുകൾക്ക് (Committed Expenditures) വേണ്ടിയാണ്. ലഭിക്കുന്ന ഓരോ രൂപയിൽ നിന്നും 20.9 പൈസയും (20.9%) മുൻപ് എടുത്ത വായ്പകളുടെ പലിശ അടയ്ക്കാനാണ് മാത്രം ഉപയോഗിക്കുന്നത്.
ദൈനംദിന ചിലവുകൾക്ക് വരുമാനത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നതിനാൽ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചിലവ് (Capital Expenditure) സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) വെറും 1.3 ശതമാനം മാത്രമായി ചുരുങ്ങി. ഇത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്.262 ദിവസവും ‘വേയ്സ് ആൻഡ് മീൻസ്’ വായ്പയെ ആശ്രയിച്ചു
സംസ്ഥാന ട്രഷറിയുടെ ദൈനംദിന ചിലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തര വായ്പ സംവിധാനങ്ങളെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ മാത്രം 262 ദിവസവും സംസ്ഥാനം ‘വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെ’യും (Ways and Means Advances), 84 ദിവസത്തോളം ഓവർഡ്രാഫ്റ്റിനെയുമാണ് (Overdraft) ആശ്രയിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കിഫ്ബിയിൽ ഫോറൻസിക് ഓഡിറ്റ് വേണം
ധനസമാഹരണത്തിനായി രൂപീകരിച്ച കിഫ്ബിയുടെ (KIIFB) അടിസ്ഥാന ഘടനയ്ക്ക് വലിയ തകർച്ച നേരിട്ടതായി ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയായി മാറിയിരിക്കുകയാണ്.
കിഫ്ബി അക്കൗണ്ടുകളിൽ വിപുലമായ ഒരു ഫോറൻസിക് ഓഡിറ്റ് (Forensic Audit) നടത്തണമെന്നും കിഫ്ബി ആക്ടിൽ വലിയ രീതിയിലുള്ള ഭേദഗതി വരുത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എങ്കിലും, ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത കിഫ്ബിയുടെ പശ്ചാത്തല സൗകര്യം പൂർണ്ണമായി നിർത്തലാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും അതിനെ കൂടുതൽ സുതാര്യമായി പുനഃസംഘടിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
അടിയന്തരമായി നികുതിയും മറ്റ് വരുമാനങ്ങളും സമാഹരിക്കുകയും, ബജറ്റിന് പുറത്തുള്ള കടമെടുപ്പുകൾ കൃത്യമായി നിയന്ത്രിക്കുകയും ചെയ്യാതിരുന്നാൽ ഭാവിയിൽ വലിയ വികസന പദ്ധതികൾ നടപ്പിലാക്കാൻ കേരളത്തിന് സാധിക്കാതെ വരുമെന്ന് സമിതി മുന്നറിയിപ്പ് നൽകുന്നു. ധവളപത്രം രാഷ്ട്രീയ ആയുധമല്ലെന്നും, കേന്ദ്ര വിഹിതത്തിലെ കുറവും സംസ്ഥാനത്തിന്റെ കൃത്യമായ ധനസ്ഥിതിയും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വസ്തുതാ റിപ്പോർട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

