തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം സമർപ്പിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ മൂന്നംഗ സമിതി തയാറാക്കിയ റിപ്പോർട്ടാണ് സഭയുടെ മേശപ്പുറത്തുവെച്ചത്.
സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ കടന്നതായും 49,000 കോടിയോളം രൂപയുടെ വിവിധ കുടിശ്ശികകൾ നിലവിലുണ്ടെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാത്രം വരുമാനത്തിന്റെ 77 ശതമാനവും ചെലവാകുമ്പോൾ മൂലധനച്ചെലവ് വെറും 1.3 ശതമാനമായി ചുരുങ്ങിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ധവളപത്രം തയാറാക്കാൻ പുറത്തുനിന്നുള്ള സമിതിയെ ഏൽപ്പിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ശക്തമായ ചട്ടലംഘനാരോപണം ഉന്നയിച്ചു.
എന്നാൽ പൊതുരേഖകൾ മാത്രമാണ് സമിതി പരിശോധിച്ചതെന്നും മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക മിഥ്യാധാരണകൾ പൊളിക്കാനാണ് ധവളപത്രമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

