കാസർകോട്: ജില്ലയിൽ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശികളായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരെയാണ് കുമ്പള ഇൻസ്പെക്ടർ ബൈജു കെ. ജോസ്, എസ്.ഐ കെ.പി.
ഗണേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്ന് കാറോടെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് ശനിയാഴ്ച രാവിലെയായിരുന്നു പരിശോധന. കേരളത്തിലും കർണാടകയിലുമായി കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ലാലാ കബീർ അടുത്തിടെയാണ് മൈസൂരു ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

